Follow us on Twitter RSS FEED

About

Posted in
അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ :
പ്രവര്‍ത്തനപഥത്തില്‍ ഉജ്ജ്വലമായി മുന്നോട്ട്
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ (കെ എന്‍ എം) പോഷക ഘടകങ്ങളാണ് ഇസ്‌ലാഹി സെന്ററുകള്‍. കേരള മുസ്‌ലിംകളുടെ മത-രാഷ്‌ട്രീയ, വിദ്യഭ്യാസ, സാഹിത്യ, സാമൂഹ്യരംഗങ്ങളില്‍ പ്രസ്ഥാനം നടത്തിയ മുന്നേറ്റം ഇന്ത്യാരാജ്യത്ത് കേരള മുസ്‌ലിംകള്‍ എന്തുകൊണ്ട് വേറിട്ട് നില്‍ക്കുന്നു എന്നുമാത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു നൂറ്റാണ്ടു മുന്‍പ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ കേരള ജനത ഒന്നടങ്കം അതിനെ എതിര്‍ത്തിരുന്നു! 1921ല്‍ ഐക്യസംഘമായും 1926ല്‍ കേരളത്തിലെ ആദ്യത്തെ പണ്ഡിതകൂട്ടായ്മയായ ‘കേരള ജം‌ഇയത്തുല്‍ ഉലമയും’ 1950ല്‍ ബഹുജന സംഘടനയായ ‘കെ എന്‍ എം’, 1969ല്‍ യുവജന വിഭാഗമായ ‘ഐ എസ് എം’, 1976ല്‍ വിദ്യാര്‍ഥി വിഭാഗമായ ‘എം എസ് എം’, പിന്നീട് വനിതാഘടകമായ ‘എം ജി എമ്മും’ രൂപീകരിച്ചുകൊണ്ട് പ്രസ്ഥാനം മത ബൌദ്ധിക വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുകയുണ്ടായി.
ഇസ്‌ലാമിന്റെ അടിസ്ഥാനമായ ഏകദൈവവിശ്വാസത്തി (തൌഹീദി)ലേക്ക് ജനങ്ങളെ ക്ഷണിക്കുകയെന്നതാണ് സംഘടനയുടെ പരമമായ ലക്ഷ്യം. മാനവരാശിക്ക് മോചനമായി സ്രഷ്‌ടാവില്‍ നിന്നവതീര്‍ണമായ പരിശുദ്ധഖുര്‍‌ആനില്‍ നിന്നും വ്യതിചലിച്ച് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നീര്‍ച്ചുഴിയില്‍ ആപതിച്ചുപോയ മുസ്‌ലിം ജനതയെ സത്യവിശ്വാസത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതിനായി പ്രസ്ഥാനവും അതിന്റെ നേതാക്കന്മാരും നടത്തിയ പരിശ്രമങ്ങള്‍ വിസ്മരിക്കാവതല്ല.

അന്ധവിശ്വാസ-അനാചാരങ്ങളെ ശക്തമായി എതിര്‍ത്ത് വരുന്നതോടൊപ്പം സാമൂഹ്യരംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ പ്രസ്ഥാനത്തിന് സാധിച്ചു. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പുന്നതിന് പ്രസ്ഥാനം മാതൃകാപരമായ നേതൃത്വം നല്‍കിവരുന്നു.

യു എ ഇയുടെ മണ്ണില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇസ്‌ലാഹി സെന്ററുകള്‍ കര്‍മരംഗത്തുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അജ്‌മാനില്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജനസമൂഹം നല്‍കിവരുന്ന പിന്തുണ എന്തുകൊണ്ടും എടുത്തുപറയേണ്ടതാണ്.

പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും തളരാതെ ഇസ്‌ലാമിക പ്രബോധന രംഗത്ത് മലയാളി സമൂഹം കാണിക്കുന്ന താത്പര്യം മഹത്തരം തന്നെയാണ്. പ്രത്യേകിച്ച് ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

ആഴ്‌ചതോറും നടന്നു വരുന്ന ഖുര്‍‌ആന്‍-ഹദീസ് പഠനക്ലാസുകള്‍, മത പഠനക്യാമ്പുകള്‍, ചര്‍ച്ച ക്ലാസ്സുകള്‍, മദ്‌റസ, റിലീഫ് പ്രവര്‍ത്തനങ്ങള്‍ (ഡ്രോപ്സ്), ദ‌അ്‌വ സ്ക്വാഡുകള്‍, ഓഡിയോ-വീഡിയോ-പുസ്തക ലൈബ്രറി, സി ഡി-പുസ്തക-ഖുര്‍‌ആന്‍ വിതരണം എന്നിവക്കുപുറമെ കമ്പ്യൂട്ടര്‍ ക്ലാസുകള്‍, ഭാഷാപഠന ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൌണ്‍സലിംഗ്, ജോബ് ലിങ്ക്, വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ‘അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍’ കേന്ദ്രീകരിച്ച് നടത്തി വരുന്നു.

ഇസ്‌ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒപ്പം വികലമാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമാധാനവും സഹവര്‍ത്തിത്വവും ഇതരമതസ്ഥരായ സഹോദരങ്ങള്‍ക്കെത്തിക്കുന്നതില്‍ ഇസ്‌ലാഹി സെന്റര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കണ്ണിന്റെ കാഴ്ചയും കാതിന്റെ കേള്‍വിയും ശരീരത്തിന്റെ സൌന്ദര്യവുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്! ശരീരമൊന്നു തളര്‍ന്നാല്‍, കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടാല്‍ എല്ലാ കാര്യങ്ങളും കഷ്ടത്തിലാകും.

ഇസ്‌ലാഹി സെന്ററിന്റെ കവാടം സത്യാന്വേഷികളുടെ മുന്നില്‍ മലര്‍ക്കെത്തുറന്നിട്ടിരിക്കുന്നു... ഈ കവാടത്തിലൂടെ കടാന്നുവരികയും ഇതിലെ സൌകര്യങ്ങളുപയോഗപ്പെടുത്തി പ്രബോധനസരണിയിലണിചേരുവാന്‍ മുഴുവന്‍ സഹോദരങ്ങളെയും സ്വാഗതം ചെയ്യുകയാണ്. പരിശുദ്ധ ദീനിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും അങ്ങനെ പ്രവര്‍ത്തന നൈരന്തര്യം നിലനിറുത്തുവാനും പടച്ചതമ്പുരാന്‍ നമുക്കേവര്‍ക്കും മാനസികമായും ശാരീരികമായും പ്രാപ്തിയേകട്ടെ...ജനറല്‍ സെക്രട്ടറി,
അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍,
അജ്‌മാന്‍, യു എ ഇ
ഫോണ്‍: +9716 7424297
ഇ-മെയില്‍: ajmanislahicentre@gmail.com

0 comments: